അതിതീവ്ര മഴ; കേരളത്തിന്‍റെ എല്ലാ കളക്ട്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും എമർജൻസി ഓപ്പറേഷൻ സെന്‍റർ തുടങ്ങി
മഴയുടെ പശ്ചാത്തലത്തിൽ കേരളത്തിന്‍റെ എല്ലാ കളക്ട്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും എമർജൻസി ഓപ്പറേഷൻ സെന്‍റർ തുടങ്ങിയെന്ന് മന്ത്രി കെ രാജൻ. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് 24 മണിക്കൂറും പ്രവർത്തിക്കും. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ നിർദ്ദേശം നൽകി. എൻഡിആർഎഫിന്‍റെ രണ്ടു ടീം തൃശൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ആശങ്ക വേണ്ടെന്നും അനാവശ്യ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു. . മെയ് 22 വരെയാണ് മഴ പ്രവചനം. പത്തനംതിട്ട , ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. റെഡ് അലർട്ട് പ്രഖ്യാപിച്ച സ്ഥലങ്ങളിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണത്തിന് നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മഴ തുടരുന്നു. കനത്ത മഴയില്‍ തെക്കന്‍ കേരളത്തില്‍ വ്യാപക നാശനഷ്ടം. കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ടയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍. സംസ്ഥാനത്ത് ഒഴുക്കിൽപ്പെട്ട് രണ്ടുപേരെ കാണാതായതായും റിപ്പോർട്ടുണ്ട്. നാരങ്ങാനത്ത് വയോധികയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. എഴുപത്തിയഞ്ച് വയസ്സുകാരിയായ സുധ എന്നയാളെയാണ് കാണാതായത്. ഭരണങ്ങാനത്തും ഒരാളെ കാണാതായിട്ടുണ്ട്. ഇന്നലെ വൈകിട്ട് 5നു ഭരണങ്ങാനം ചിറ്റാനപ്പാറയ്ക്കു സമീപമാണു സംഭവം. പടിഞ്ഞാറേ പൊരിയത്ത് അലക്സിന്റെ (സിബിച്ചൻ) മകൾ ഹെലൻ അലക്സിനെയാണ് (13) കാണാതായത്. സ്‌കൂളിൽനിന്ന് വീട്ടിലേക്കു വരുന്നതിനിടെ രണ്ട് വിദ്യാർഥികൾ കാൽവഴുതി കൈത്തോട്ടിൽ വീഴുകയായിരുന്നു. ഇവരിലൊരാളെ രക്ഷപ്പെടുത്തി. മറ്റൊരാളെ കാണാതായി.തിരുവനന്തപുരത്തും കനത്ത മഴയാണ് ലഭിക്കുന്നത്. പൊന്‍മുടി. കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. തീരദേശങ്ങളിൽ കടലാക്രമണമുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. തിരുവനന്തപുരം ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ക്വാറീയിംഗ്, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍, ബീച്ചിലേക്കും മറ്റുമുള്ള വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാലും കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാലും അതീവ ജാഗ്രത പാലിക്കണം. കടലോര-കായലോര-മലയോര മേഖലകളിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതത്തിനും നിരോധനം ഏര്‍പ്പെടുത്തി. എല്ലാ കളക്ട്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും എമർജൻസി ഓപ്പറേഷൻ സെന്‍റർ തുടങ്ങി
Heavy rain; Minister K Rajan said that Emergency Operation Center has been started in all Collectorates and Taluk Offices of Kerala